District News
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ മാര്ക്കറ്റ് കവല കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന വ്യാപകമെന്ന് പരാതി. മാര്ക്കറ്റ് ജംഗ്ഷനില് പുലര്ച്ചെ മുതല് ഇടത്താവളമാക്കിയ ആള്ക്കാര്ക്കാണ് മദ്യം ഇരട്ടി വിലയ്ക്ക് നല്കുന്നത്.
ടൗണ് കേന്ദ്രീകരിച്ച് മദ്യം കരിഞ്ചന്തയില് വില്പന നടത്തുന്നവര്ക്കെതിരെ നടപടിയെടുക്കാന് എക്സൈസ്, പോലീസുതല വകുപ്പുകളില് പരിശോധന ഇല്ലാത്തതും മദ്യം വാങ്ങുന്നവര്ക്കും വില്പന നടത്തുന്നവര്ക്കും തുണയാകുന്നു.
കുളത്തൂപ്പുഴയില് സര്ക്കാരിന്റെ മദ്യ വില്പനശാല ഇല്ലാത്തത് മൂലം സമീപ പ്രദേശങ്ങളായ തെന്മല, മടത്തറ, ആലഞ്ചേരി തുടങ്ങിയ ഔട്ട്ലെറ്റ് യൂണിറ്റുകളില് നിന്നാണ് മദ്യം എത്തിക്കുന്നത്.മദ്യം വാങ്ങി കഴിച്ചു ടൗണിലും സമീപപ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണയിലും മദ്യപര് വസ്ത്രം പോലും ഇല്ലാതെ കിടക്കുന്നതും സംഘര്ഷമുണ്ടാകുന്നതും പതിവ് കാഴ്ചയാണ്.
വിദ്യാര്ഥികളും സ്ത്രീകളും ഭയന്നും വിറച്ചുമാണ് രാവിലെ നടന്നു പോകുന്നത്. അനധികൃത മദ്യവില്പനയ്ക്കെതിരേ അധികൃതര് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര് പറഞ്ഞു.
National
ന്യൂഡൽഹി: അടുത്തയാഴ്ചയുടെ തുടക്കത്തിൽത്തന്നെ കാലവർഷം ശക്തമായി തിരിച്ചെത്തുന്നു. ഉത്തരേന്ത്യ, കിഴക്കൻ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദം മൺസൂൺ പാത്തിയെ അതിന്റെ യഥാർഥ സ്ഥാനത്തേക്കു തിരികെയെത്തിക്കുന്നതോടെയാണ് കാലാവസ്ഥയിൽ ഈ അനുകൂല മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഘങ്ങൾ ഒഴിഞ്ഞുപോകുകയും സമതലങ്ങൾ ചൂടിൽ വെന്തുരുകുകയും ചെയ്തതോടെ മഴ ഹിമാലയൻ താഴ്വരകളിലേക്കു മാത്രമായി ചുരുങ്ങിയിരുന്നു.
വടക്കുകിഴക്കൻ ഇന്ത്യയിലാണ് മഴ ആദ്യം സജീവമാകുക. തുടർന്ന് കിഴക്ക്, മധ്യ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കും. ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആഴ്ചകളായി ഉഷ്ണതരംഗത്തിനു സമാനമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഗംഗാസമതലങ്ങളിലെയും മധ്യ ഇന്ത്യയിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും ഈ മഴ.
കാലാവസ്ഥാ ശാസ്ത്രജ്ഞർ ‘ബ്രേക്ക് മൺസൂൺ’ എന്നുവിളിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കഴിഞ്ഞദിവസങ്ങളിൽ കടന്നുപോയത്. മൺസൂൺ പാത്തി വടക്കോട്ട് മാറുകയും മധ്യ ഇന്ത്യ വരണ്ടുണങ്ങുകയും ചെയ്യുന്ന ഇടവേളയാണിത്. ഈ മാസം ബംഗാൾ ഉൾക്കടലിൽ വളരെ കുറച്ച് ന്യൂനമർദങ്ങൾ മാത്രമാണു രൂപപ്പെട്ടത്. കൂടാതെ അറബിക്കടലിൽനിന്നുള്ള കാറ്റ് ദുർബലമാകുകയും ചെയ്തത് മേഘരൂപീകരണത്തെ തടസപ്പെടുത്തി.
സാധാരണയായി ലഭിക്കേണ്ട 323.1 മില്ലിമീറ്റർ മഴയ്ക്കു പകരം 244.6 മില്ലിമീറ്റർ മഴ മാത്രമാണ് ഇതുവരെ രാജ്യത്തു ലഭിച്ചത്. ഓഗസ്റ്റ് മാസമായിരിക്കും ഈ വർഷത്തെ മൺസൂണിന്റെ ഭാവി നിർണയിക്കുകയെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
District News
വണ്ടൂര്: മഴയ്ക്കൊപ്പം എത്തിയ കാറ്റില് വണ്ടൂരില് വ്യാപക നാശനഷ്ടം. അങ്ങാടിപൊയില് ബസ് സ്റ്റാന്ഡിനുള്ളിലെ വസ്ത്രാലയത്തിന്റെ മുന്ഭാഗത്തെ ഗ്ലാസ് തകര്ന്നു. നിരവധി വീടുകള്ക്ക് മുകളിൽ മരങ്ങള് കടപുഴകി വീണു. അങ്ങാടിയിലെ മറ്റൊരു കെട്ടിടത്തിന്റെ മുകള്ഭാഗത്തെ മേല്ക്കൂരയും തകര്ന്നിട്ടുണ്ട്.
സമീപ പ്രദേശമായ കോക്കാടന് കുന്നിലും ശക്തമായ കാറ്റില് വ്യാപകമായ നാശനഷ്ടങ്ങള് സംഭവിച്ചിട്ടുണ്ട്. വൈദ്യുതി തൂണുകളും കാറ്റില് തകര്ന്നു. ഇന്നലെ പുലര്ച്ചെയാണ് വണ്ടൂരില് ശക്തമായ കാറ്റ് വീശിയത്. വ്യാപാരി വ്യവസായ സമിതി ഭാരവാഹികള് നാശനഷ്ടം സംഭവിച്ച സ്ഥലം സന്ദര്ശിച്ചു.
International
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ ഉണ്ടായ ക്രൂരമായ കത്തിക്കുത്തിന് പിന്നാലെ നഗരത്തിൽ വ്യാപകമായ വംശീയ, അഭയാർഥി വിരുദ്ധ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അഭയാർഥിയായ സുഡാൻകാരൻ നാട്ടുകാരനായ ഒരാളെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഒരാൾക്കു ഗുരുതരമായി പരിക്കേറ്റ കത്തിക്കുത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് തീവ്രവലതുപക്ഷ സംഘടനകളുടെ ആഹ്വാനപ്രകാരം വൻ പ്രതിഷേധവുമായി അക്രമികൾ തെരുവിലിറങ്ങുകയായിരുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം വംശീയ അധിക്ഷേപങ്ങളോടെ വീടുകളും വാഹനങ്ങളും പൊതുഗതാഗത ബസുകളും തീയിട്ടു നശിപ്പിച്ചു. വിദേശികളായ കച്ചവടക്കാരുടെ കടകൾക്ക് നേരെയും വ്യാപകമായ ആക്രമണമുണ്ടായി. ചിലയിടങ്ങളിൽ അക്രമികൾ വിദേശികളുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പോലീസ് സംരക്ഷണയിലാണ് പല കുടുംബങ്ങളെയും ഇവിടെനിന്നും മാറ്റിയത്.
അക്രമസംഭവങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലും ശക്തമായി അപലപിച്ചു. നിരപരാധികളായ മനുഷ്യരെ ഭയപ്പെടുത്തുന്ന ഇത്തരം വംശീയ അക്രമങ്ങൾ തികഞ്ഞ ഭീരുത്വമാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഭരണകൂടം അറിയിച്ചു.
കത്തിക്കുത്ത് കേസിൽ 30 വയസുകാരനായ സുഡാൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. 2023ൽ യുകെയിൽ എത്തിയ ഇയാൾക്ക് 2028 വരെ നിയമപരമായി ഇവിടെ താമസിക്കാനുള്ള അനുമതിയുണ്ടായിരുന്നതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പ്രദേശത്തു കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
International
ജറൂസലെം: ഇസ്രയേലിനെതിരേ 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ആക്രമണത്തിൽ വ്യാപകവും ആസൂത്രിതവുമായ ലൈംഗിക അതിക്രമങ്ങൾ നടന്നതായി സ്വതന്ത്ര ഇസ്രേലി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.
ഇസ്രേലി എൻജിഒയായ സിവിൽ കമ്മീഷന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ലൈംഗിക അതിക്രമം മനഃപൂർവം ഭീകരവാദത്തിനുള്ള ഒരു മാർഗമായി ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
ആക്രമണസമയത്തും ബന്ദികളെ തട്ടിക്കൊണ്ടുപോയപ്പോഴും ഹമാസും മറ്റു പലസ്തീൻ ഭീകരരരും വ്യാപകമായി ലൈംഗിക അതിക്രമങ്ങൾ നടത്തി. ലൈംഗികാതിക്രമങ്ങൾ, പീഡനം, ലൈംഗിക വൈകൃതങ്ങൾ, നിർബന്ധിത നഗ്നത എന്നിവ ഭീകരതയുടെ ഒരു തന്ത്രമെന്ന നിലയിൽ മനഃപൂർവം ഉപയോഗിച്ചതായും ഇസ്രയേൽ ജനത്തെ മുഴുവൻ ഭയപ്പെടുത്താനാണ് ഇത് ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ ബന്ദികൾക്കുനേരേയും ലൈംഗിക അതിക്രമങ്ങളും ക്രൂരമായ പീഡനങ്ങളുമുണ്ടായി.
ആക്രമണത്തിനിടയിലും ബന്ദികൾക്കെതിരേയുമുള്ള 13 തരം ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, അംഗഭംഗം, ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വധശിക്ഷകൾ, മൃതദേഹത്തോടുള്ള ലൈംഗിക പീഡനം, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ ലൈംഗികാതിക്രമങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.
300 പേജുള്ള റിപ്പോർട്ട് ഔപചാരികവും അനൗപചാരികവുമായ 430 അഭിമുഖങ്ങൾ, അതിജീവിതരുടെ മൊഴികൾ, ദൃക്സാക്ഷികളുടെ മൊഴികൾ, മോചിപ്പിക്കപ്പെട്ട ബന്ദികളുടെ മൊഴികൾ, വിദഗ്ധർ, കുടുംബാംഗങ്ങൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയെ അടിസ്ഥാനമാക്കിയാണു തയാറാക്കിയത്.
ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. നൊവ മ്യൂസിക് ഫെസ്റ്റിവലിൽ ഉൾപ്പെടെ നടന്ന കൂട്ടക്കൊലകളെ അതിജീവിച്ചവരുടെ മൊഴികളും കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ കണ്ട പാടുകളും ലൈംഗിക അക്രമം നടന്നതിനു തെളിവായി റിപ്പോർട്ട് നിരത്തുന്നു.
ഒരു ജനത, ഒരു രാജ്യം, അടിമത്തത്തിൽ കഴിഞ്ഞ ദുർബലരായ ആളുകൾ എന്നനിലയിൽ തങ്ങളെ ഭയവിഹ്വലരാക്കാനും അപമാനിക്കാനുമുള്ള ആഴമായ വിദ്വേഷമാണു കാണാനായതെന്ന് അന്വേഷണറിപ്പോർട്ട് തയാറാക്കിയ സിവിൽ കമ്മീഷന്റെ സ്ഥാപക ചെയർമാനും അന്താരാഷ്ട്ര നിയമവിദഗ്ധനുമായ ഡോ. കൊച്ചാവ് എൽക്കായാം ലെവി പറഞ്ഞു.
National
കോൽക്കത്ത: ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ബംഗാളിൽ വ്യാപക സംഘർഷം.
ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനസ് ജില്ലയിലെ ദോൽടാല മേഖലയിൽ ബൈക്കിലെത്തിയ അക്രമികൾ രഥിന്റെ കാർ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. രഥിന്റെ ഡ്രൈവർ ബുദ്ധദേബ് ബേരയ്ക്കും വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേനയാക്കിയെങ്കിലും ഗുരുതരാവസ്ഥയിലാണ്.
രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു; ഇവരെ ചോദ്യം ചെയ്യും. നോർത്ത് 24 പർഗനാസ് ജില്ലയിൽ സുരക്ഷ ശക്തമാക്കി. അക്രമികളെ പിടികൂടാൻ പോലീസ് വിവിധ സംഘങ്ങളെ നിയോഗിച്ചു.
സിഐഡിയും അന്വേഷണത്തിന്റെ ഭാഗമാകും. പ്രഫഷണൽ ഷൂട്ടർമാരാണ് ആക്രമണം നടത്തിയതെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘം ആക്രമണസ്ഥലത്തത്തി തെളിവുകൾ ശേഖരിച്ചു.
കോൽക്കത്തയിൽനിന്നു മധ്യംഗ്രാമിലെ വീട്ടിലേക്കു കാറിൽ പോകവേയായിരുന്നു രഥിനെതിരേ (42) ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഭവാനിപുരിൽ സുവേന്ദു അധികാരിക്കെതിരേ മമത ബാനർജി പരാജയപ്പെട്ടതിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന് രഥിന്റെ അമ്മ പറഞ്ഞു.
International
വാഷിംഗ്ടണ് ഡിസി: മാര്പാപ്പയ്ക്കെതിരേ രൂക്ഷവിമര്ശനം നടത്തിയതിനു പിന്നാലെ, തന്നെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചിത്രം പുറത്തുവിട്ടത്.
അമേരിക്കന് പതാകയുടെ പശ്ചാത്തലത്തില് സൈനികര്, വിമാനങ്ങള്, നഴ്സുമാര് എന്നിവര്ക്കിടയില്നിന്ന് രോഗിയായ ഒരാളുടെ തലയില് കൈവച്ച് രോഗശാന്തി നല്കുന്ന രീതിയിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. കൈയില്നിന്നു പ്രത്യേക പ്രകാശം പരക്കുന്നതായും ചിത്രത്തിലുണ്ട്.
സ്വന്തം ചിത്രം ഉപയോഗിച്ച് ട്രംപ് എഐ പരീക്ഷണങ്ങള് നടത്തുന്നത് ഇതാദ്യമല്ല. മുമ്പ് മാര്പാപ്പയുടെ വസ്ത്രം ധരിച്ചുകൊണ്ടുള്ള എഐ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.
വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് പേജിലും അന്ന് ആ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ട്രംപിന്റെ പുതിയ ചിത്രത്തിനെതിരേ വ്യാപക വിമര്ശനം ഉയര്ന്നിട്ടുണ്ട്.
ട്രംപിന്റെ നടപടി അപലപനീയമാണെന്നും അദ്ദേഹത്തിന്റേതു മതനിന്ദയാണെന്നും മാപ്പു പറയണമെന്നും അമേരിക്കയിലെ വിവിധ സഭാ വിഭാഗങ്ങള് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: കലാപസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന മണിപ്പുരിൽ ഗവർണറുടെ ഓഫീസിനും സേന ആസ്ഥാനത്തിനും ഉൾപ്പെടെ തീവച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം തകർത്ത് കേന്ദ്രസർക്കാർ.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി ബിഷ്ണുപുരിൽ ഉണ്ടായ സ്ഫോടനമാണു സംസ്ഥാനത്തെ വീണ്ടും കലാപാന്തരീക്ഷത്തിൽ എത്തിച്ചത്.
സ്ഫോടനത്തിൽ അഞ്ചുവയസുള്ള ബാലനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
ഇതിനുശേഷം വ്യാജ വാർത്തകളുമായി ഒട്ടേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ തലപൊക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലെ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്താക്കി. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അവർ വിശദീകരിച്ചു.
അതേസമയം ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്.
Kerala
കൊച്ചി: എറണാകുളം ജില്ലയിലെ പള്ളുരുത്തി, ഇടക്കൊച്ചി, വടക്കന്പറവൂര്, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ പള്ളുരുത്തി വെങ്കിടേശ്വര സ്കൂളിലെ 152-ാം നമ്പര് ബൂത്തില് കെ.എ. ജാസ്മിന് എന്ന യുവതിയുടെ പേരില് മറ്റാരോ വോട്ട് ചെയ്തത് ഏറെ നേരം തര്ക്കത്തിന് ഇടയാക്കി. ഉച്ചയോടെ വോട്ട് രേഖപ്പെടുത്താന് കെ.എ. ജാസ്മിന് എത്തിയപ്പോഴാണ് തന്റെ പേരില് കള്ളവോട്ട് നടന്ന വിവരം അറിഞ്ഞത്.
കള്ളവോട്ട് ചെയ്തയാൾ തിരിച്ചറിയല് രേഖയായി വ്യാജ പാസ്പോര്ട്ടായിരുന്നു നല്കിയത്. വോട്ട് രേഖപ്പെടുത്തിയതിന്റെ രേഖകളും പോളിംഗ് ഉദ്യോഗസ്ഥര് ജാസ്മിനെ കാണിച്ചു. താന്വോട്ട് ചെയ്തിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്താന് അവസരം നല്കണമെന്നും ജാസ്മിന് ആവശ്യപ്പെട്ടതിനെ തുടര്ന്ന് പോളിംഗ് ഉദ്യോഗസ്ഥര് ടെന്ഡര് വോട്ടിന് അവസരം നല്കി.
ഇടക്കൊച്ചി അക്വിനാസ് കോളജിലെ ബൂത്തിലും കള്ളവോട്ട് നടന്നു. ഇടക്കൊച്ചി കാളിയത്ത് വീട്ടില് കുഞ്ഞുമോളുടെ വോട്ടാണ് മറ്റാരോ ചെയ്തു പോയത്. ഇവരെയും ടെന്ഡര് വോട്ട് ചെയ്യാന് പോളിംഗ് ഉദ്യോഗസ്ഥന് അനുവദിച്ചു. വടക്കന് പറവൂരില് കരിമ്പാടം ഡിഡി സഭാ സ്കൂളിൽ രാഹുല് എന്ന ആളുടെ വോട്ട് മറ്റൊരാള് രേഖപ്പെടുത്തിയതായും പരാതി ഉണ്ടായി. രാഹുലിന്റെ വോട്ടര് ഐഡി കാര്ഡിന്റെ പകര്പ്പുമായി എത്തിയാണ് കള്ളവോട്ട് ചെയ്തത്.
പെരുമ്പടപ്പ് എസ് എച്ച് ബോയ്സ് ഹോമില് ബൂത്ത് 247 കള്ളവോട്ട് ചെയ്യാനുള്ള ശ്രമം ബൂത്ത് ഏജന്റ് തടഞ്ഞു. ഉദ്യോഗസ്ഥ പരിശോധന പൂര്ത്തിയായെങ്കിലും യഥാര്ഥ ആളല്ല എത്തിയിരിക്കുന്നത് എന്ന് പറഞ്ഞ് കോണ്ഗ്രസ് ബൂത്ത് ഏജന്റ് വോട്ട് ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു.
കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ 194ാം ബൂത്തില് കള്ളവോട്ട് നടന്നതായി പരാതി ഉയര്ന്നു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്ക് സമീപം താമസക്കാരിയായ 65 വയസുകാരി വോട്ട് രേഖപ്പെടുത്താന് എത്തിയപ്പോള് തന്റെ വോട്ട് മറ്റാരോ ചെയ്തതായി മനസിലാക്കുകയായിരുന്നു. തുടര്ന്ന് ഇവർക്ക് ബാലറ്റില് വോട്ട് ചെയ്യാനുള്ള സൗകര്യം നല്കി.
National
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ ഭേദഗതി 2026 അപകടകരവും ക്രൂരവുമെന്ന് വ്യാപക പരാതി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും ആസ്തികൾ വളഞ്ഞ വഴിയിലൂടെ സർക്കാർ ഏറ്റെടുക്കാനും വിനിയോഗിക്കാനും അനുവദിക്കുന്ന ബില്ലിലെ വ്യവസ്ഥകൾ ദുഷ്ടലാക്കോടെയാണെന്നാണ് ആക്ഷേപം.
പൊതുസമൂഹത്തിന്റെയും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിലേക്കുള്ള എക്സിക്യൂട്ടീവിന്റെ അതിരുകടന്ന കടന്നാക്രമണത്തിനാണു വിവാദ ഭേദഗതി വഴിതെളിക്കുകയെന്ന് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ലൈസൻസ് നൽകുന്ന കേന്ദ്രസർക്കാർ തന്നെ ലൈസൻസ് പുതുക്കാതിരിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തശേഷം പുതിയ അഥോറിറ്റി വഴി ന്യൂനപക്ഷങ്ങളുടെയും മറ്റ് എൻജിഒകളുടെയും സ്ഥാപനങ്ങളും ആസ്തികളും ഏറ്റെടുത്തു നിയന്ത്രിക്കാനുള്ള സർക്കാരിന്റെ നീക്കം സാമാന്യനീതിയുടെ നിഷേധമാകുമെന്ന് നിയമ വിദഗ്ധർ ദീപികയോട് വിശദീകരിച്ചു.
ലൈസൻസ് നഷ്ടപ്പെടുന്ന എൻജിഒകളുടെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് പുതിയ അഥോറിറ്റി സൃഷ്ടിക്കുന്നത് ഉൾപ്പെടെ ശക്തമായ നിയന്ത്രണ ചട്ടക്കൂടാണു നിർദിഷ്ട ബില്ലിലെ വ്യവസ്ഥ. ഒരു സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ പുതുക്കി ലഭിക്കാതിരിക്കുകയോ നിലവിലില്ലാതിരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ വിദേശ സംഭാവനകളിൽനിന്നു സൃഷ്ടിക്കപ്പെട്ട ആസ്തികൾ ഏറ്റെടുക്കാനും കൈകാര്യം ചെയ്യാനും വിനിയോഗിക്കാനും നിയുക്ത അഥോറിറ്റിക്കു ബില്ലിൽ അധികാരം നൽകുന്നുണ്ട്. പൊതു ആവശ്യങ്ങൾക്കായി ആസ്തികൾ ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ വിനിയോഗിക്കാനോ ബില്ലിൽ അഥോറിറ്റിക്ക് അധികാരം നൽകിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങളുടെ അടക്കമുള്ള അത്തരം ആസ്തികൾ സ്ഥിരമായോ താത്കാലികമായോ ഏറ്റെടുത്തു സർക്കാരിൽ നിക്ഷിപ്തമാക്കാൻ ബിൽ നിർദേശിക്കുന്നു. ഫലത്തിൽ, എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുന്ന തീയതി മുതൽ ഫണ്ടുകളും ആസ്തികളും അഥോറിറ്റിയുടെ നിയന്ത്രണത്തിലാകും.
വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനാണു ഭേദഗതിയെന്നാണു ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത്. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെ രാജ്യതാത്പര്യത്തിനു വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരേ നടപടിയെടുക്കാൻ പുതിയ ഭേദഗതി സർക്കാരിനെ പ്രാപ്തമാക്കുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത സംഘടനകൾ എഫ്സിആർഎ ചട്ടക്കൂടിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ ഫണ്ടുകളിൽനിന്നു സൃഷ്ടിച്ച ആസ്തികൾ കൈമാറ്റം ചെയ്യുന്നതും വിനിയോഗിക്കുന്നതു തടയാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. രജിസ്ട്രേഷൻ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സ്ഥാപനം ശാശ്വതമായി ഏറ്റെടുക്കാനും കഴിയും.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എംപിമാരിൽ ഭൂരിപക്ഷവും ഇല്ലാതിരുന്നപ്പോഴാണ് ബുധനാഴ്ച വിവാദ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
Kerala
കോട്ടയം: പശ്ചിമേഷ്യന് യുദ്ധക്കെടുതി കേരളത്തില് ഉള്പ്പെടെ വിവിധ മേഖലകളില് സാരമായി ബാധിച്ചുകഴിഞ്ഞു. ഖത്തര്, ദുബായ്, അബുദാബി, ബഹറിന് വിമാനത്താവളങ്ങള് അടച്ചതോടെ മലയാളികള് ഉള്പ്പെടെ പതിനായിരങ്ങളാണ് യാത്രക്കുരുക്കിലായത്.
ഗള്ഫിലേക്ക് ജോലിക്ക് പോകേണ്ടവരും മടങ്ങിവരേണ്ടവരും മാത്രമല്ല ഗള്ഫ് വിമാത്താവളങ്ങള് വഴി വിദേശത്തേക്കു പോകേണ്ടവരും മടങ്ങിവരേണ്ടവരുമാണ് പ്രതിസന്ധിയില്. പഠനവും ജോലിയും ആശങ്കയിലായവരുണ്ട്. വിവാഹം, മരണം ഉള്പ്പെടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിവരും പലരാണ്.
ഗള്ഫ് വിമാനത്താവളങ്ങളില് വയോധികര് ഉള്പ്പെടെ മലയാളികള് ഉള്പ്പെടെ ആയിരങ്ങള് കുടുങ്ങി. ഇറാനില് കഴിയുന്ന മൂവായിരം വിദ്യാര്ഥികള് ഉള്പ്പെടെ പതിനായിരത്തോളം ഇന്ത്യക്കാരുടെ സുരക്ഷയും ആശങ്കയുളവാക്കുന്നു.
യുദ്ധം ടൂറിസം, ഗതാഗത മേഖലയില് വലിയ അനിശ്ചിതത്വവും നഷ്ടവുമാണുണ്ടാക്കുന്നത്. ഗള്ഫിലേക്കും ഇതുവഴിയുമുള്ള വിമാന യാത്രാ ബുക്കിംഗ് റദ്ദാക്കുകയും നിലയ്ക്കുകയും ചെയ്ത സാഹചര്യത്തില് യാത്രക്കാര്ക്കും ട്രാവല് ഏജന്സികള്ക്കും ടാക്സികള്ക്കും ഹോട്ടലുകള്ക്കും നഷ്ടം വലുതാണ്. വിശുദ്ധ നാട്ടിലേക്കുള്പ്പെടെ തീര്ഥാടനയാത്രകളും പാക്കേജ് ടൂറുകളും നിലച്ചു. അവിടങ്ങളില് കുടുങ്ങി ഹോട്ടലുകളില് കഴിയുന്നവരില് ഏറെ മലയാളികളുണ്ട്. വലിയ നോയമ്പുകാലത്താണ് വിശുദ്ധ നാട്ടിലേക്ക് പാക്കേജ് ടൂര് ഏജന്സികള്ക്ക് ഏറ്റവുമധികം യാത്രകള് ലഭിക്കുക.
ഗള്ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്നിന്ന് നേരിട്ട് ചരക്കുവിമാന സര്വീസ് ഇല്ലാത്തതിനാല് എയര് ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ്, ഗള്ഫ് എയര്, കുവൈറ്റ് എയര്വേസ്, ഇന്ഡിഗോ, എയര് അറേബ്യ വിമാനങ്ങളിലെ കാര്ഗോ സംവിധാനത്തിലൂടെയാണ് ചരക്കുകള് അയയ്ക്കുന്നത്. ഗള്ഫിലേക്ക് മാത്രം ദിവസേന കേരളത്തില്നിന്ന് 150 ടണ് നിത്യോപയോഗ സാധനങ്ങളാണ് വിമാനങ്ങളില് അയയ്ക്കുന്നത്. ഇതില് 96 ശതമാനം പഴം പച്ചക്കറികളും മൂന്ന് ശതമാനം മത്സ്യവും ഒരു ശതമാനം ജനറല് കാര്ഗോയുമാണ്. വിമാനങ്ങള് റദ്ദാക്കിയതോടെ പച്ചക്കറികളും മത്സ്യവുമായി വിമാനത്താവളങ്ങളില് എത്തിയ ലോഡുകള് തിരിച്ചയച്ചു.
മാലി, സിംഗപ്പൂര്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ലോഡുകള് കേരളത്തിലെ വിമാനത്താവങ്ങളില് ഇറക്കേണ്ടിവന്നു. വിമാനങ്ങള് വഴിയുള്ള അന്താരാഷ്ട്ര കൊറിയര് കാര്ഗോ സംവിധാനവും നിലച്ചു. കര്ഷകരില്നിന്നും ഏജന്സികളിലുംനിന്ന് പച്ചക്കറിയും മീനും കയറ്റുമതി ചെയ്യാന് കരാറെടുത്ത കമ്പനികള്ക്ക് വലിയ നഷ്ടമുണ്ട്. പച്ചക്കറിയും പൈനാപ്പിളും മറ്റും വിറ്റഴിക്കാന് സാധിക്കാതെ കര്ഷകരും വലയുന്നു.
വിമാന സര്വീസുകള് പുനരാരംഭിച്ചാലും വ്യോമപാതയില് മാറ്റം വരുത്തേണ്ടിവരുന്ന സാഹചര്യത്തില് യാത്രയ്ക്ക് കൂടുതല് സമയം വേണ്ടിവരും. ഇറാന്റെ വ്യോമമേഖലയിലൂടെയാണ് സൗദിയിലേക്കുള്ള വിമാന സര്വീസുകള്. പുതിയ സാഹചര്യത്തില് പ്രശ്നബാധിത പ്രദേശങ്ങള് ഒഴിവാക്കിയായിരിക്കും ഇനി ആകാശയാത്ര.
സംഘര്ഷം രൂക്ഷമായതോടെ ഹോര്മുസ് കടലിടുക്ക്, ചെങ്കടല്വഴി കപ്പലുകള്ക്ക് യാത്രാനിരോധനമുണ്ട്.ഹോര്മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതവും ചരക്കുനീക്കവും പൂര്ണമായി തടയാനാണ് ഇറാന്റെ നീക്കം.
രണ്ടു കപ്പലുകള്ക്കു നേരേ ആക്രമണമുണ്ടായ സാഹചര്യത്തില് നിരവധി കപ്പലുകള് ഹോര്മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ വിവിധ രാജ്യങ്ങളുടെ തീരത്ത് നങ്കൂരമിട്ടു. ഹോര്മുസ് കടലിടുക്ക് സ്തംഭിച്ചാല് ഗള്ഫ് രാജ്യങ്ങളിലെ ചരക്കുനീക്ക പ്രതിസന്ധി ആഗോള വിപണികളെ സാരമായി ബാധിക്കും. എണ്ണവില കുത്തനെ കൂടും.
ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്മുസ് കടലിടുക്ക്. ഇന്ത്യയിലേക്കുള്പ്പെടെ ഗള്ഫില്നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന മാര്ഗമാണിത്. ദിവസേന 20 ദശലക്ഷം ബാരല് ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്എന്ജി വിതരണവും ഇതുവഴിയാണ്.
District News
നിലന്പൂർ: ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് ഭീഷണിയായി ചാലിയാർ പുഴയിൽ അനധികൃത മണൽ വാരൽ. റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതരുടെ സജീവ സാന്നിധ്യമുള്ള മേഖലയിലാണ് മണൽ ഊറ്റൽ നിർബാധം തുടരുന്നത്.
മന്പാട് ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് 25 മീറ്റർ മാത്രം താഴെയാണ് മണലെടുപ്പും കടത്തും വ്യാപകം.
രാത്രിയുടെ മറവിൽ മണൽവാരി ബൈക്കുകളിൽ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന സംഘവുമുണ്ട്. വെള്ളം കുറവായതിനാൽ ഈ ഭാഗത്ത് നിന്ന് മണൽ വേഗത്തിൽ ശേഖരിക്കാനാകും. ഇതൊരു അവസരമാക്കിയെടുത്താണ് നിയമം ലംഘിച്ചുള്ള മണൽവാരൽ. അധികൃതരുടെ മൗനാനുവാദത്തോടെയാണിതെന്നാണ് ആരോപണം. മുന്പ് 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പരിസരത്ത് വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
District News
കോഴിക്കോട്: വലിയങ്ങാടിയില് കെട്ടിടത്തിന്റെ സണ്ഷെയ്ഡ് തകര്ന്നുവീണ് നാല് തൊഴിലാളികള് മരണമടഞ്ഞതില് വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയപാര്ട്ടികള് നടത്തിയ സമരം സംഘര്ഷഭരിതമായി. കോര്പറേഷന് ഓഫീസിനു മുമ്പില് പോലീസും സമരക്കാരും തമ്മില് ഉന്തുംതള്ളുമുണ്ടായി. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികള് പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയില് നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും മലബാറിലെ വിവിധ ജില്ലകളിലേക്കുമുള്ള ചരക്കു നീക്കം തടസപ്പെട്ടു.
കോര്പറേഷന് കെട്ടിടത്തില് ഉണ്ടായ അപകടത്തില് നാലര പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോര്പറേഷന് ഭരണം നടത്തുന്ന ഇടതുപക്ഷത്തിനെതിരേ രൂക്ഷ വിമര്ശനമാണ് മറ്റു രാഷ്ട്രീയ പാര്ട്ടികള് ഉയര്ത്തിയത്. തകര്ന്നത് 1977 ല് തുടങ്ങിയ കെട്ടിടത്തിന്റെ ഭാഗമാണെന്നും കെട്ടിടത്തിന് 50 വര്ഷത്തെ പഴക്കമുണ്ടെന്നും കോര്പറേഷനിലെ കോണ്ഗ്രസ് കൗണ്സിലര് എസ്.കെ. അബൂബക്കര് പറഞ്ഞു.
1980 മുതല് ഈ കെട്ടിടത്തില് പാസ്പോര്ട്ട് ഓഫിസ് പ്രവര്ത്തിച്ചിരുന്നു. മരിച്ചവര്ക്ക് നഷ്ട പരിഹാരം നല്കണമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കണമെന്നും അബൂബക്കര് ആവശ്യപ്പെട്ടു. 2024 ല് പുതിയ കെട്ടിടത്തിനു ഡിപിആര് തയാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാന് നിര്ദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര് ചോദിച്ചു. ഇതേ കെട്ടിടത്തില് മാസങ്ങള്ക്കു മുമ്പ് പുതിയ സ്ഥാപനത്തിനു ലൈസന്സ് നല്കിയെന്ന് ബിജെപി കൗണ്സിലര്മാര് ആരോപിച്ചു.
അപകടത്തില് പ്രതിഷേധവുമായി ആദ്യം രംഗത്ത് എത്തിയത് ബിജെപിയാണ്. മേയര്ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചകഴിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില് കോര്പറേഷനിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷമുണ്ടായി.
പ്രകാശ് ബാബു, കൗണ്സിലറും മഹിള മോര്ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തില് മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്ത്തകര് തള്ളിക്കയറാന് ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഗേറ്റ് ചാടിക്കടന്ന പ്രവര്ത്തകരെ പോലീസ് വലിച്ചിഴച്ച് പുറത്താക്കി. ഒടുവില് ബിജെപി കൗണ്സിലര്മാരെ മാത്രം മേയറുടെ ചേംബറില് പോകാന് പോലീസ് അനുവദിച്ചു.
കൗണ്സിലര്മാര് മേയറുടെ മുറിയില് എത്തിയെങ്കിലും മേയര് ഇല്ലാത്തതിനാല് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മേയറുടെ മേശപ്പുറത്ത് കറുത്ത തുണി വിരിച്ചു. ഇതേസമയം കോര്പറേഷനു പുറത്ത് പോലീസും പ്രവര്ത്തകരും തമ്മില് ഉന്തും തള്ളും വാക്കേറ്റവും നടന്നു.
യൂത്ത്കോണ്ഗ്രസ്, യൂത്ത് ലീഗ് എന്നിവ കോര്പറേഷനില് ഉപരോധ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി കോര്പറേഷന് സെക്രട്ടറിയെ ഉപരോധിച്ചു. പ്രവര്ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്, സംസ്ഥാന ഭാരവാഹികളായ വൈശാല് കല്ലാട്ട്, വി.ടി. നിഹാല്, ബവിത്ത് മലോല്, ജില്ലാ ഭാരവാഹികളായ എം. ഷിബു, പി.എം. ആഷിക്, എം.കെ. സയീഷ് എന്നിവര് നേതൃത്വം നല്കി.
..
International
ന്യൂയോർക്ക്: സൈനികനീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടിയ അമേരിക്കൻ നടപടി യുഎൻ തത്വങ്ങളുടെ ലംഘനമാണെന്ന വിമർശനം പരക്കേ ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റേതു നിയമവിരുദ്ധ നടപടിയാണെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു.
വെനസ്വേലയിലാകട്ടെ മഡുറോയെ പിന്തുണച്ചും യുഎസ് നടപടിയെ സ്വാഗതം ചെയ്തും പ്രകടനങ്ങൾ നടന്നു. ട്രംപിന്റേത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്നെ കീഴടക്കാൻ തക്കം പാർത്തു കഴിയുന്ന റഷ്യക്കും തായ്വാനെ കീഴടക്കാൻ കാത്തുകഴിയുന്ന ചൈനയ്ക്കും ഉത്തേജനം പകരുന്നതാണ് ഈ നടപടിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേണ്ടിവന്നാൽ വെനസ്വേലയിലേതുപോലെ ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കും കടന്നുകയറുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അസ്വസ്ഥതയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളും ജാഗ്രതാനിർദേശം നൽകുകയും അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിലും ഭീതി വർധിപ്പിക്കുന്നു.
Business
കൊച്ചി: രാജ്യത്തെ അനധികൃത കൊതുക് നിവാരണ അഗര്ബത്തി വിപണി ഏകദേശം 1600 കോടി രൂപയിലധികമെന്ന് ഹോം ഇന്സെക്ട് കണ്ട്രോള് അസോസിയേഷന് (എച്ച്ഐസിഎ). ദക്ഷിണേന്ത്യയില് മാത്രം 370 കോടി രൂപയുടെ അനധികൃത കൊതുക് നിവാരണ അഗര്ബത്തികളാണു നിര്മിക്കുന്നത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയില് നടന്ന റെയ്ഡില് മെപെര്ഫ്ലൂത്രിന് എന്ന അംഗീകാരമില്ലാത്ത രാസവസ്തു കണ്ടെത്തിയതിനു പിന്നാലെ, കൊതുക് നിവാരണ അഗര്ബത്തികള് വാങ്ങുമ്പോള് കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള് ജാഗ്രത പാലിക്കണമെന്നും എച്ച്ഐസിഎ മുന്നറിയിപ്പ് നല്കി.
കേരളത്തിനുപുറമെ ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്ണാടക, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലാണ് അനധികൃത കൊതുക് നിവാരണ അഗര്ബത്തികള് വ്യാപകമായിട്ടുള്ളത്. അനധികൃത അഗര്ബത്തികള് ഉപയോഗിക്കുന്നതു നിര്ത്തണമെന്നും ഉത്പന്നത്തിന്റെ സുരക്ഷിതത്വവും ആധികാരികതയും ഉറപ്പാക്കുന്നതിന് പായ്ക്കറ്റില് സിഐആര് (സെന്ട്രല് ഇന്സെക്ടിസൈഡ് രജിസ്ട്രേഷന്) നമ്പര് രേഖപ്പെടുത്തിയ സര്ക്കാര് അംഗീകൃതമായ കൊതുക് നിവാരണ ഉത്പന്നങ്ങള് മാത്രം തെരഞ്ഞെടുക്കണമെന്നും എച്ച്ഐസിഎ സെക്രട്ടറി ജയന്ത് ദേശ്പാണ്ഡെ പറഞ്ഞു.
അനധികൃത അഗര്ബത്തികളുടെ ഉപയോഗം ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ രോഗങ്ങള് എന്നിവയ്ക്കു കാരണമാകുമെന്നും എച്ച്ഐസിഐ മുന്നറിയിപ്പ് നല്കി.